Tuesday 15 May 2012

ചോര വീണ - വിപ്ലവ ഗാനം




ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം
ചേതനയില്‍ നൂറുനൂറ് പൂക്കളായി പൊലിക്കവേ
നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീഥിയില്‍
ആയിരങ്ങള്‍ ചോരകൊണ്ട് എഴുതിവെച്ച വാക്കുകള്‍
ലാല്‍ സലാം... ലാല്‍ സലാം

മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്‍ക്കണം
ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം കരുത്തിനായി
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായി

നട്ട് കണ്ണ് നട്ട് നാം വളര്‍ത്തിയ വിളകളെ
കൊന്ന് കൊയ്തുകൊണ്ട് പോയ ജന്മികള്‍ ചരിത്രമായി
സ്വന്ത ജീവിതം ബലികൊടുത്തുപോയി മാനുഷര്‍
പോരടിച്ച് കൊടിപിടിച്ച് നേടിയ വിമോചനം

സ്മാരകം തുറന്നുവരും വീറുകൊണ്ട വാക്കുകള്‍
ചോദ്യമായി വന്നുലച്ച് നിങ്ങള്‍ കാലിടറിയോ
രക്തസാക്ഷികള്‍ക്ക് ജന്മമേകിയ മനസുകള്‍
കണ്ണുനീര്‍ ചില്ലുടഞ്ഞ കാഴ്ചയായി തകര്‍ന്നുവോ
ലാല്‍ സലാം... ലാല്‍ സലാം..

പോകുവാന്‍ നമുക്കേറെ ദൂരമുണ്ടതോര്‍ക്കുവിന്‍
വഴിപിഴച്ച പോയിടാതെ മിഴിതെളിച്ച് നോക്കുവിന്‍
നേരു നേരിടാന്‍ കരുത്ത് നേടണം നിരാശയില്‍
വീണിടാതെ നേരിനായി പൊരുതുവാന്‍ കുതിക്കണം

നാളെയെന്നതില്ല നമ്മള്‍ ഇന്നുതന്നെ നേടണം
നാള്‍ വഴിയിലെങ്ങും അമരഗാഥകള്‍ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍,
നമുക്ക് സ്വപ്നമൊന്നുതന്നെ അന്നുമിന്നുമെന്നുമേ

No comments:

Post a Comment